ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനവേദിയെ പ്രകമ്പനം കൊള്ളിച്ച ഗാനമാണ് 'വക്കാ വക്കാ....'. ഈ ഗാനം പാടിയ ഷാക്കിറയ്ക്ക് ഇപ്പോള്‍ മനസ്സിലൊരു മോഹം. ദക്ഷിണാഫ്രിക്കയില്‍ സ്വന്തമായി ഒരു വീട് വേണം.
വീടുകളോട് അടങ്ങാത്ത കൊതിയുള്ള ഷാക്കിറയുടെ ഈ ആഗ്രഹം വെറും ഗോസിപ്പല്ലെന്ന് കരുതാം. കാരണം എട്ടാം വയസ്സില്‍, അച്ഛന്‍ പാപ്പരായതിനെ തുടര്‍ന്ന്, വീട് നഷ്ടപ്പെട്ട ഷാക്കിറ എന്ന ബാലികയ്ക്ക് വീടുകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. പാട്ടുകള്‍ പാടി ലോകം കീഴടക്കുമ്പോഴും വീടുകള്‍ സ്വന്തമാക്കണമെന്ന മോഹമാണ് ഷാക്കിറയ്ക്ക് എന്നും.
ഫ്‌ളോറിഡയിലെ മിയാമി ബീച്ചിലുള്ള മനോഹരമായ സൗധത്തിന്റെ കാര്യം തന്നെയെടുക്കാം. 6,500 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ബംഗ്ലാവ്. ബീച്ചിലേക്ക് മിഴി തുറക്കുന്ന വീട് കണ്ടാല്‍ ആരും ആദ്യമൊന്ന് അമ്പരന്നു പോകും. ഷാക്കിറയെ പോലെ സുന്ദരിയാണ് വീടും.
അഞ്ച് ബെഡ്‌റൂമുകളുള്ള ഈ കൊട്ടാരത്തില്‍ ആറ് ബാത്ത് റൂമുകളുമുണ്ട്. നീന്തിത്തുടിക്കാന്‍ മനോഹരമായ സ്വിമ്മിങ് പൂള്‍. വീടിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ കുറച്ച് അധികമല്ലേയെന്ന് പലര്‍ക്കും തോന്നും. പക്ഷെ ഷാക്കിറയ്ക്ക് ഈ വീടിനെക്കാള്‍ വലിയ കൊട്ടാരം സ്വന്തമാക്കാനാണ് ഇഷ്ടം. ഇതിനായി 65 ലക്ഷം ഡോളറിന് വീട് വില്‍പനയ്ക്ക് വച്ചതായും വാര്‍ത്തകളുണ്ട്.
ലോകം മുഴുവന്‍ സംഗീതവുമായി പര്യടനം നടത്തുന്ന കൊളംബിയന്‍ സുന്ദരി ബഹാമാസിലാണ് ഇപ്പോള്‍ താമസം. ഏക്കര്‍ കണക്കിന് സ്ഥലമാണ് ഇതിനായി വാങ്ങിക്കൂട്ടിയത്. വേള്‍ഡ് കപ്പ് സോങ് ഹിറ്റായതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഷാക്കിറ.
വക്കാ വക്കാ......
ദിസ് ടൈം ഫോര്‍ ഷാക്കിറ....
|