വീഥികല്പന: പറമ്പ് ഏറ്റവും ചെറുതാണെങ്കില്‍ ബ്രഹ്മസൂത്രവും യമസൂത്രവും തമ്മില്‍ കൂടുന്ന പറമ്പിന്റെ മധ്യത്തില്‍ നിന്ന് ഗൃഹദ്ധ്യത്തെ (അങ്കണ മധ്യത്തെ) മേല്‍പറഞ്ഞ വടക്കു കിഴക്കെ മൂലയിലേക്കോ തെക്ക് പടിഞ്ഞാറേ മൂലയിലേക്കോ അല്പം നീക്കി പണി ചെയ്യണം. പറമ്പ് ചെറുതാകയാല്‍ വീഥികളും വളരെ ചെറുതായിരിക്കും. അപ്പോള്‍ അതിന്റെ ഗുണദോഷഫലങ്ങളും അപ്രകാരം അല്പങ്ങളായി തീരുന്നു. അതുകൊണ്ട് ചെറിയ പറമ്പുകളില്‍ ഈശാനഖണ്ഡം, നിരൃതി ഖണ്ഡം തുടങ്ങിയ ഖണ്ഡ വിഭാഗങ്ങളോ പിശാചവീഥി , ദേവവീഥി തുടങ്ങിയ വീഥി വിഭാഗങ്ങളോ ചിന്തിക്കപ്പെടേണ്ടതില്ല.
ഈശാനഖണ്ഡത്തിലോ നിരൃതിഖണ്ഡത്തിലോ ഉള്ള ഗണനാഥവീഥിയേയും ബ്രഹ്മവീഥിയേയും ഒരുമിച്ചു ചേര്‍ത്ത് എണ്‍പത്തൊന്ന്, അറുപത്തിനാല്, നൂറ് ഇങ്ങനെ മൂന്ന് വിത്തില്‍ പറയപ്പെട്ട പദക്രമങ്ങളില്‍ ഇഷ്ടമുള്ള പദവിഭാഗം സ്വീകരിച്ച് അവിടെ വാസ്തുവിന്റെ അവയവങ്ങളേയും മര്‍മ്മങ്ങളേയും ദേവതമായേയും കല്‍പിക്കണം.
മര്‍മ്മങ്ങള്‍:
വാസ്തുവിനെ കിഴക്കഗ്രമായും വടക്കഗ്രമായും പത്തുവീതം നാഡികള്‍ കൊണ്ട് എണ്‍പത്തൊന്നു പദമായി കല്‍പിക്കണം. തെക്കുവടക്കും കിഴക്കുപടിഞ്ഞാറും പതിപ്പത്തു നാഡികള്‍ കല്‍പിക്കുമ്പോള്‍ തനിയെ എണ്‍പത്തൊന്നു പദങ്ങള്‍ സിദ്ധിക്കും കിഴുക്കും വടക്കും അഗ്രങ്ങളായ രേഖകളെ നാഡികളെന്നും കോണ്‍ ഗതികളായ രേഖകളെ രജ്ജുക്കളെന്നും അറിയേണ്ടതാണ്.
ബ്രഹ്മപദത്തിന്റെ കോണുകളില്‍ നാഡിരജ്ജു സമ്മേളനത്താലുള്ള എട്ട് സൂത്രങ്ങളുടെ യോഗസ്ഥാനം മഹാമര്‍മ്മമാകുന്നു. അതായത് രജ്ജുക്കളും നാഡികളും പരസ്പരം സമ്മേളിക്കുന്ന സ്ഥാനം മഹാമര്‍മ്മമാണ്. ഇത് ബ്രഹ്മപദത്തിന്റെ നാലു കോണിലുമാകുന്നു. നാഡിരേഖകളുടെ സംയോഗ സ്ഥാനം ഉപമര്‍മ്മങ്ങളാകുന്നു. രണ്ട് രജ്ജുക്കള്‍ തമ്മില്‍ പദമധ്യങ്ങളില്‍ സംയോജിക്കുന്ന സ്ഥാനമായ മര്‍മ്മം ദോഷകരമായിട്ടുള്ളതല്ല. മേല്‍ പറഞ്ഞ വാസ്തുമര്‍മ്മ സ്ഥാനങ്ങളില്‍ സ്തംഭം, തൂണ് മുതലായവ യാതൊന്നും പണിയുവാന്‍ പാടില്ലാത്തതാകുന്നു. മേല്‍പറഞ്ഞ മര്‍മ്മ സ്ഥാനങ്ങളില്‍ നിന്നും കിഴക്കോട്ടോ വടക്കോട്ടോ വാസ്തുപദത്തിന്റെ ഇരുപത്തിനാലിലൊന്നു നീക്കി സ്തംഭം മുതലായതുകളെ പണി ചെയ്താല്‍ മര്‍മ്മപീഡ സംഭവിക്കുന്നതല്ല.
അതിനും സാധിക്കാതെ മര്‍മ്മങ്ങളില്‍കൂടി കൂടെ തന്നെ പണിയേണ്ടി വന്നാല്‍ ആ ദോഷത്തിന്റെ പരിഹാരത്തിനായി പോത്ത്, സിംഹം, ആന, ആമ, പന്നി എന്നിവയുടെ ശിരസ്സുകള്‍ സ്വര്‍ണം കൊണ്ടുണ്ടാക്കി തന്ത്രിയെക്കൊണ്ടു തന്നെ ഗൃഹത്തിന്റെ കിഴക്കോട്ടുള്ള വാതിലിന്റെ തെക്കേ കട്ടളയുടെ പരിസരത്തോ പൂജാമുറിയുടെ വടക്കു കിഴക്കെ മൂലയിലോ മത്സ്യമാംസാദികള്‍ കയറ്റാത്ത അടുക്കളയുടെ വടക്കുകിഴക്കെ മൂലയിലോ യഥാവിഥി സ്ഥാപിക്കേണ്ടതാണ്. അങ്ങനെ സ്ഥാപിച്ചാല്‍ ആ ദോഷം തീരുമെന്നര്‍ഥം.
വാസ്‌തു സംബന്ധമായ സംശയങ്ങള്‍ക്ക് പ്രശസ്‌ത വാസ്‌തുശാസ്‌ത്ര വിദഗ്‌ദന്‍ കാണിപ്പയ്യൂര്‍ ഹരീതന്‍ നമ്പൂതിരിപ്പാട് സ്വപ്‌നക്കൂട് ഡോട്ട് കോമിലൂടെ മറുപടി നല്‍കുന്നു
|