കെട്ടിടങ്ങള്‍, കടമുറികള്‍, ഫ്ളാറ്റുകള്‍ എന്നിവ വാങ്ങുമ്പോല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് 2007 നവംബര്‍ 3ലെ സര്‍ക്കുലറില്‍ (66500/07നമ്പര്‍) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ രംഗത്ത് നടമാടുന്ന വഞ്ചനയും തട്ടിപ്പും ഇല്ലാതാക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്.
1. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം/ ഫ്ളാറ്റ്/ കടമുറികള്‍ എന്നിവ കോര്പ്പറേഷന്/ മുനിസിപ്പാലിറ്റി/ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും നിയമപ്രകാരം പെര്‍മിറ്റ് വാങ്ങി നിര്‍മ്മിച്ചതാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രസ്തുത പെര്‍മിറ്റ്, കെട്ടിടം വാങ്ങുന്നതിന് മുമ്പ് പരിശോധിക്കണം. കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കി, തദ്ദേശ സ്വയംഭരണ സ്ഥാപനം ബില്‍ഡിങ്ങ് നമ്പര്‍ നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്.
2. വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം നേരിട്ട് കണ്ട് മാത്രം വാങ്ങണമോയെന്ന് തീരുമാനിക്കുക. പരസ്യങ്ങള്‍, മോഡലുകള്‍ ഇവ മാത്രം കണ്ട് കെട്ടിടം വാങ്ങരുത്.
3. രേഖകള്‍ പരിശോധിച്ച് ബോധ്യം വന്ന ശേഷം മാത്രം അഡ്വാന്‍സ്, ഉടമ്പടി, രജിസ്ട്രേഷന് എന്നിവ നടത്തുക.
4. പ്ലോട്ട് വിഭജനം നടന്ന വസ്തുവിലെ കെട്ടിടങ്ങള്‍ വാങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുടെ ലേ ഔട്ട് അംഗീകാരമുണ്ടെന്ന് ഉറപ്പ് വരുത്തുക.
5. ഫ്ളാറ്റ്/ കെട്ടിടം എന്നിവ വാങ്ങുമ്പോള്‍ റോഡില്‍ നിന്നും ആവശ്യമായ വീതി, കാര്‍ പാര്‍ക്കിങ് സ്ഥലം, വെളളം, വൈദ്യുതി, മാലിന്യ നിര്മാര്ജ്ജനസൗകര്യം എന്നിവ ഉണ്ടോയെന്ന് പരിശോധിക്കുക.
6. ഫ്ളാറ്റുകള്‍ വാങ്ങുമ്പോള്‍ സ്ട്രക്ചറല്‍ ഡിസൈന്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അറിഞ്ഞിരിക്കേണ്ടതാണ്. നിലവിലുള്ള കെട്ടിടത്തിന്റെ മുകളില്‍ വീണ്ടും നിര്‍മ്മിച്ചു നല്കുന്ന കെട്ടിടങ്ങള്‍/ ഫ്ളാറ്റുകള്‍ എന്നിവയുടെ സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷം മാത്രം അവ വാങ്ങുക.
7. സര്‍ക്കാര്‍ സ്ഥാപനങ്ങളോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അനധികൃതമെന്ന് കണ്ട് നടപടി സ്വീകരിച്ചു വരുന്ന കെട്ടിടങ്ങള്‍ വാങ്ങാതിരിക്കുക.
8. വിമാനത്താവളം, റെയില്‍വേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള കെട്ടിടം വാങ്ങുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുക.
9. ഹൈടെന്‍ഷന്‍ വൈദ്യുതിലൈനുകള്‍ക്ക് സമീപമുളള നിര്‍മ്മാണങ്ങള്‍ക്ക് ആവശ്യമായ ദൂരപരിധി പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുക.
10. ഇടനിലക്കാരെ ഒഴിവാക്കുക.
കെ.എം.ബേബി
റിട്ട. ജില്ലാ രജിസ്ട്രാര്‍
വസ്തു ഇടപാട്, രജിസ്ട്രേഷന് എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു.
|