സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികള്‍ക്കിടയിലും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകിക്കൊണ്ട് മുംബൈയില്‍ ഭൂമി വില്പന. മധ്യ മുംബൈയിലെ വദാലയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കുള്ള ഭൂമി ഇടപാടിന് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. 22.5 ഏക്കര്‍ ഭൂമി 4,053 കോടി രൂപയ്ക്ക് പ്രോപ്പര്‍ട്ടി ഡെവലപ്പറായ ലോധ ഗ്രൂപ്പാണ് വാങ്ങിയത്.
മുംബൈ മേഖലാ വികസന അതോറിറ്റി നടത്തിയ ലേലത്തിലാണ് വദാല ട്രക്ക് ടെര്‍മിനലിലെ ഭൂമി ലോധ സ്വന്തമാക്കിയത്. ചതുരശ്രമീറ്ററിന് 81,818 രൂപ (ചതുരശ്രയടിക്ക് 7,604 രൂപ) യ്ക്കാണ് ഇടപാട് നടന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ടാണ് പണം കൊടുത്തുതീര്‍ക്കേണ്ടത്. ഈയിനത്തിലെ 10 ശതമാനം പലിശ കൂടി കൂട്ടിയാല്‍ ലോധ മൊത്തം 5,700 കോടി രൂപ ചെലവിടേണ്ടിവരും.
ലേലത്തില്‍ 1,980 കോടി രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഇരട്ടിയിലധികം തുകയാണ് ലോധ വാദ്ഗാനം ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത മറ്റു കമ്പനികളെക്കാള്‍ ഉയര്‍ന്ന വിലയാണ് ലോധ ക്വാട്ട് ചെയ്തത്.
സണ്‍ടെക് റിയാലിറ്റിയായിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഇവര്‍ ചതുരശ്ര മീറ്ററിന് 70,002 രൂപ വരെയും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യാബുള്‍സ് 67,222 രൂപവരെയും നാലാം സ്ഥാനത്തെ ദോസ്തി ഗ്രൂപ്പ് 45,494 രൂപ വരെയും വാഗ്ദാനം ചെയ്തു.
ലേലത്തിലൂടെ സ്വന്തമാക്കിയ ഭൂമിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനാണ് ലോധയുടെ പരിപാടി. ഇതില്‍ ഓരോ അപ്പാര്‍ട്മെന്റും ചതുരശ്രയടിക്ക് 13,000 - 14,000 രൂപ നിരക്കില്‍ വില്‍ക്കും. 5-7 വര്‍ഷം കൊണ്ട് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. |