ലോകകപ്പില്‍ മുത്തമിട്ട 'ക്രിക്കറ്റിന്റെ സ്വന്തം ദൈവം' സച്ചിന് ടെന്‍ഡുല്‍ക്കര്‍ തന്റെ പുതിയ വീട്ടിലേക്ക് താമസം മാറുന്നു. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ഈ വീട്ടില്‍ ഈ വര്‍ഷം അവസാനത്തോടെ ഭാര്യ അഞ്ജലി, മക്കളായ സാറ, അര്ജ്ജുന് എന്നിവര്‍ക്കൊപ്പം സച്ചിന് താമസം തുടങ്ങുമെന്നാണ് അറിയുന്നത്.
ഒക്ടോബറോടെ സച്ചിന് പുതിയ ബംഗ്ലാവിലേക്ക് താമസം മാറാമെന്ന് പ്രശസ്ത ആര്‍ക്കിടെക്ടായ പ്രകാശ് സാപ്രെ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 90 വര്‍ഷം പഴക്കമുണ്ടായിരുന്ന ബംഗ്ലാവ് പുതുക്കി പണിത് മോടിപിടിപ്പിച്ചത്.
നേരത്തെ ബാന്ദ്ര ഈസ്റ്റില്‍ സാഹിത്യ സഹവാസ് എന്ന വീട്ടിലായിരുന്നു സച്ചിനും കുടുംബവും താമസിച്ചിരുന്നത്. നിലവില്‍ ലാ മെര് അപ്പാര്‍ട്ട്മെന്റ്സിലും. സച്ചിന്റെ സ്വപ്ന ഭവനം എന്നാണ് പുതിയ വീടിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ബാന്ദ്ര വെസ്റ്റില്‍ പെറി ക്രോസ് റോഡിലാണ് ഈ നാല് നില ബംഗ്ലാവ്.

വീടിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായതായി ബോംബേ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ ഇന്റീരിയറിന്റെ ജോലികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് വിജയത്തിനു ശേഷം ഏറെ സന്തോഷത്തോടെയാണ് സച്ചിനും കുടുബവും ഈ വീട്ടിലെ താമസത്തെ നോക്കി കാണുന്നത്. ഒരു പഴയ വില്ല പുതുക്കിപ്പണിതാണ് നാലു നില വീട് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിങ്ങിന് ആവശ്യത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒന്നാം നിലയില്‍ രണ്ടു വലിയ അതിഥി മുറികളുണ്ടാകും. പ്രധാന ബെഡ് റൂമും കുട്ടികള്‍ക്കുള്ള മുറികളും രണ്ടും മൂന്നും നിലകളിലായിരിക്കും. ഏറ്റവും മുകളിലത്തെ നിലയില്‍ മനോഹരമായ സ്വിമ്മിങ് പൂളും ഒരുക്കുന്നുണ്ട്.
2007ലാണ് 8,998 ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ല സച്ചിന് വാങ്ങിയത്. സത്ര ഗ്രൂപ്പില്‍ നിന്ന് 39 കോടി രൂപയ്ക്കായിരുന്നു ഇത് സ്വന്തമാക്കിയത്. ഏതാണ്ട് ഇത്രയും തുക തന്നെ സച്ചിന് വീട് പുതുക്കി പണിയാനും ചെലവഴിച്ചിട്ടുണ്ട്. 1920 നിര്‍മ്മിച്ച ഈ വില്ലയില്‍ നേരത്തെ ഒരു പാഴ്സി കുടുംബമായിരുന്നു താമസിച്ചിരുന്നത്.
പുതിയ വീടിന്റെ പേര് എന്തായിരിക്കുമെന്ന് അറിവായിട്ടില്ല. എന്നാല്‍ സച്ചിനും ഭാര്യയും ചേര്‍ന്ന് മനോഹരമായ ഒരു പേര് കണ്ടെത്തിവച്ചിട്ടുണ്ടെന്നാണ് ആര്‍ക്കിടെക്ട് പറയുന്നത്.
|