നക്ഷത്രകൂടാരം പോലൊരു വീട്. വീടിന്റെ ചുവരുകള്‍ നക്ഷത്രങ്ങള്‍ കൊണ്ട്, ജനലുകളിലും വാതിലുകളിലും ചെറുതും വലുതുമായ നക്ഷത്രങ്ങള്‍. സോഫയിലും മേശയിലുമെല്ലാം കൊച്ചുകൊച്ചു താരകങ്ങള്‍. അതിലൊരണ്ണം ഞാന്‍ കൈ കൊണ്ട് തൊട്ടു.....'
വീടിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ കണ്ട സ്വപ്നം ഇങ്ങനെയായിരുന്നു. പിന്നെ പലപ്പോഴും ആ സ്വപ്നം വീണ്ടും കാണണേ എന്ന് വിചാരിച്ചു കിടന്നിട്ടുണ്ട്. പക്ഷേ നടന്നിട്ടില്ല. ബോളിവുഡും മല്ലുവുഡും ഒരുപോലെ കീഴടക്കിയ ശ്വേതാ മേനോന് വീടിനെക്കുറിച്ചോര്ത്താല് മനസ്സിലേക്ക് വരിക ഈ സ്വപ്നമാണ്.
ഫ്ളാറ്റ് ജീവിതം ഇഷ്ടപ്പെടുന്ന ഈ തിരൂരുകാരി ഇപ്പോള്‍ മുംബൈ അന്ധേരിയിലെ ഫ്ളാറ്റിലാണ് താമസം. മുംബൈയിലെ മോട്ട്വാനി ബില്‍ഡേഴ്സ് നിര്‍മിച്ച ഫ്ളാറ്റിന് ഒന്നേകാല്‍ കോടിയാണ് വില. തിരൂരിലെ തറവാട്ടില്‍ നിന്നും ഫ്ളാറ്റിലേക്ക് മാറിയപ്പോള്‍ ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നി. അവിടെ നാട്ടില്‍ വലിയ ഉമ്മറവും വരാന്തയും മുറികളുമൊക്കെയായി കഴിഞ്ഞിരുന്ന എനിക്ക് ജീവിതം പെട്ടെന്ന് ഇടുങ്ങിയ പോലെ തോന്നി. ശ്വേത വീടിനെക്കുറിച്ച് മനസ്സു തുറന്നു.
പക്ഷേ പോകെ പോകെ ഇതാണ് നല്ലതെന്ന തോന്നല്‍ മനസ്സിലുണ്ടായി.
വലിയ വീട് മെയിന്റയിന്‍ ചെയ്യാന്‍ ആളു വേണ്ടേ?
നമ്മുടെ വീട് നമ്മള് തന്നെ നോക്കണം. വേലക്കാരെ വച്ചാലൊന്നും ശരിയാകില്ല. അല്ലെങ്കില്‍ തന്നെ വലിയൊരു വീട് മെയിന്റയിന്‍ ചെയ്യാന്‍ ഇന്ന് വേലക്കാരെ കിട്ടുമോ? വീട് സിംപിള്‍ ആയിരിക്കണം. ഇന്റീരിയറും.
ഞാന്‍ ഒരുപാട് വലിയ വലിയ ഹോട്ടലുകളിലൊക്കെ ഷൂട്ടിങ്ങിന്റെ ഭാഗമായി താമസിച്ചിട്ടുണ്ട്. പക്ഷേ സ്വന്തം വീട്ടില്‍ എത്തുമ്പോഴുള്ള സുഖമൊന്നും ഹോട്ടല്‍ താമസത്തിനില്ല. നമ്മള് നമ്മളായി ജീവിക്കുന്നത് സ്വന്തം വീട്ടില്‍ മാത്രമായിരിക്കും.
എനിക്ക് ലക്ഷ്വറിയെന്നാല് ഒരു ത്രീ ബെഡ് റൂം ഫ്ളാറ്റ് വിത്ത് ടെറസ്സാണ്. അതുമതി, ധാരാളം. പിന്നെ എന്റെ ഇഷ്ടനിറങ്ങളായ വെള്ളയും ലെമണ്‍ യെല്ലോയുമായാല് എല്ലാം ഓകെ. ഇനി ഞാനൊരു ഫ്ളാറ്റ് വാങ്ങുകയോ വീട് പണിയുകയോ ചെയ്താല്‍ അത് ബാംഗ്ലൂരോ ഹൈദരാബാദോ ആയിരിക്കും. മെട്രോകളില്‍ ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
നാട്ടിലൊരു വീട് വേണമെന്ന് തോന്നിയതിനാല്‍ ശ്വേത തൃശ്ശൂര്‍ ഒരു വീട് വാങ്ങി. രണ്ടു നിലകളുള്ള ഒരു ത്രീ ബെഡ് റൂം വീട്. ഒറ്റ മകളായതിനാല്‍ അച്ഛനും അമ്മയും മുംബൈയില്‍ നിന്ന് തൃശ്ശൂരെത്തിയാണ് വീട് സെലക്ട് ചെയ്തത്. ഞാന്‍ ഇടയ്ക്കിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. അതിന്റെ സൗകര്യവും കൂടെ നോക്കിയാണ് തൃശ്ശൂര്‍ വീട് വാങ്ങിയത്. ഷൂട്ടിങ്ങിനായി കേരളത്തില്‍ വരുമ്പോള്‍ മാത്രമേ അവിടെ താമസിക്കാറുള്ളൂവെന്ന് ശ്വേത പറയുന്നു.
ഇതുവരെ എന്നെ മോഹിപ്പിച്ച ഒറ്റ വീടേയുളളു. അത് ലണ്ടനിലാണ്. ആകാശഗോപുരത്തിന്റെ ഷൂട്ടിങ്ങിനായി ലണ്ടനില്‍ പോയപ്പോള്‍ ലാലേട്ടന്റെ ഒരു ഫ്രണ്ടിന്റെ ഫ്ളാറ്റില്‍ പോയി. പത്തുമുപ്പത്തിയഞ്ച് നിലയുടെ മുകളില്‍ മുഴുവനും കണ്ണാടി കൊണ്ട് ഒരു വീട്. അതും തെംസ് നദിയുടെ കരയില്‍. അവിടെ നിന്ന് വീണാല്‍ തെംസ് നദിയിലായിരിക്കും പതിക്കുക. ഞാന്‍ പെട്ടെന്ന് എന്റെ സ്വപ്നത്തിലെ നക്ഷത്രവീടിനെക്കുറിച്ചാണ് ഓര്‍ത്തത്. സ്വപ്ന വീട്ടിലേക്ക് ചേക്കേറുമ്പോള്‍ ശ്വേതയുടെ കൂടെ ഒരാളും കൂടെയുണ്ടാവും, ശ്രീവത്സന്‍ മേനോന് ശ്വേതയുടെ ജീവിത പങ്കാളി. |